തിരുനാവായ മണപ്പുറത്തെ മഹാവിസ്മയം......
നിലപാട് തറ
ഭാരതപ്പുഴയുടെ തീരത്തു തിരുനാവായയിൽ 12 വർഷത്തിൽ ഒരിക്കൽ നടത്തപ്പെട്ടിരുന്ന വാണിജ്യ മേളയായിരുന്നു മാമാങ്കം. മലപ്പുറം ജില്ലയിലെ തിരൂരിനടുത്തു തിരുനാവായ നാവ മുകുന്ദ ക്ഷേത്രത്തിനടുത്തായിരുന്നു ഈ മഹാ മേള നടന്നിരുന്നത്. മാമാങ്കത്തിൻറെ ഉത്ഭവത്തെ കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഭിന്നത നിലനിൽക്കുന്നുണ്ട്.എന്നാലും ചേരമാൻ പെരുമാളിന്റെ ഭരണകാലാവധിയായ 12 വർഷത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ഉത്സവം നടന്നിരുന്നത് എന്ന വാദത്തിനാണ് പ്രാബല്യം കൂടുതൽ. ഓരോ 12 വർഷം കൂടുമ്പോളും പുതിയ പെരുമാളിനെ തിരഞ്ഞെടുക്കാൻ വേണ്ടി ആരംഭിച്ച മഹാമഹം ആണ് മാമാങ്കം . മാഘ മാസത്തിലെ (മകര മാസത്തിലെ) മകം നാളിൽ നടന്നിരുന്ന ഉത്സവം എന്നുള്ളത് ലോപിച്ചാണ് മാമാങ്കം എന്ന് ആയിത്തീർന്നു എന്ന് പറയപ്പെടുന്നു.
ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം)നീണ്ടുനിൽക്കുന്ന ഒരു ആഘോഷമായാണ് അവസാനകാലങ്ങളിൽ മാമാങ്കം നടത്തിവരുന്നത്. ഇക്കാലമായപ്പോഴേക്കും ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽനിന്നെല്ലാം നിരവധി ജനങ്ങൾ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് വ്യാപാരമേളകൾ, കായിക പ്രകടനങ്ങൾ, കാർഷികമേളകൾ, സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങൾ, എന്നിവയും അരങ്ങേറിയിരുന്നു. സ്വന്തം കഴിവുകളിൽ മികവു പ്രകടിപ്പിക്കുന്നവർക്ക് സമ്മാനങ്ങളും നൽകിയിരുന്നു.
വാണിജ്യ പ്രാധാന്യത്തോടൊപ്പം ഇത് നടത്തുവാനുള്ള അവകാശവും രാഷ്ട്രതന്ത്രപരമായി വളരെ വിലപ്പെട്ടതായി മാറി. ചേരസാമ്രാജ്യത്തിന്റെ ശൈഥില്യത്തോടെ തിരുനാവായ വള്ളുവക്കോനാതിരിയുടെ അതിർത്തിയിൽ പെടുന്നത് കൊണ്ട് മാമാങ്കത്തിന് നിലപാട് നിൽക്കാനുള്ള അവകാശം വള്ളുവക്കോനാതിരിയുടെ (വെള്ളാട്ടിരി)കയ്യിലെത്തി.A.D.1124-ൽ ചേരമാൻ പെരുമാളുടെ ഭരണം അവസാനിച്ചതിന് ശേഷം മുന്നൂറ്റിഅറുപത് വർഷങ്ങളിലായി മുപ്പതു മാമാങ്കങ്ങൾ വെള്ളാട്ടിരിയുടെ നേതൃത്വത്തിൽ നടന്നിരിക്കണം. പിന്നീട് സാമൂതിരി മാമാങ്കത്തിൽ നിലപാട് നിൽക്കാനുള്ള അവകാശം നേടാനായി വെള്ളാട്ടിരിയുമായി പല യുദ്ധങ്ങൾ നടത്തി അത് കൈക്കലാക്കി. അതിനുശേഷമുള്ള ആദ്യ മാമാങ്കം A.D. 1485-ല് ആയിരിക്കാം എന്നാണ് കരുതപ്പെടുന്നത്. ആ വർഷമാണ് സാമൂതിരി വെള്ളാട്ടിരിയെ തോല്പിച്ചത്.
മണിക്കിണർ
മാമാങ്കത്തിന്റെ അധീശത്വം അന്നത്തെ നിലയിൽ രാഷ്ട്രതന്ത്രപരമായി പ്രാധാന്യമുള്ളതായിരുന്നു. തന്റെ കയ്യിൽനിന്ന് തട്ടിയെടുക്കപ്പെട്ട ആ അംഗീകാരം തിരിച്ച് പിടിക്കാൻ വെള്ളാട്ടിരി അഥവാ വള്ളുവക്കോനാതിരി ശ്രമിച്ചിരുന്നുവെങ്കിലും സാമൂതിരി ശക്തനായതിനാൽ നേർക്കുനേർ യുദ്ധം അസാദ്ധ്യമായിരുന്നു. കിഴക്കൻ പ്രദേശത്തിന്റെ അധിപനായിരുന്ന വെള്ളാട്ടിരിക്ക് പൊന്നാനി ഭാഗത്ത് സ്വാധീനം നിലനിർത്തേണ്ടത് ആവശ്യമായിരുന്നു. ഇതിനായി തിരുമാന്ധാംകുന്ന് ദേവിയെ പ്രാർത്ഥിച്ചപ്പോൾ ചാവേറുകളായി പൊന്നാനിവായ്ക്കൽ മാമങ്കത്തിന് പോയി വെട്ടി മരിക്കാനായിരുന്നു ലഭിച്ച അരുളപ്പാട്. അങ്ങനെ വള്ളുവക്കോനാതിരി മരണംവരേയും പോരാടാൻ സന്നദ്ധനായ ധീരയോദ്ധാക്കളെ തിരഞ്ഞെടുത്ത് മാമാങ്കാഘോഷത്തിനിടെ സാമൂതിരിയെ വധിക്കാനായി അയക്കുമായിരുന്നു; അവരെ ചാവേറുകൾ എന്ന് പറഞ്ഞുവന്നു. മാമങ്കത്തിലാണ് കേരളചരിത്രത്തിൽ ആദ്യമായി ചാവേറുകൾ പ്രത്യക്ഷപ്പെടുന്നത്.
ഇന്നും തിരുനാവായ പ്രദേശത്ത് മാമാങ്കത്തിന്റെ സ്മാരകങ്ങൾ നിലനിൽക്കുന്നുണ്ട്. നിലപാടുതറ, മരുന്നറ, ചാവേർ പോരാളികളുടെ ജഡങ്ങൾ ചവിട്ടിത്താഴ്ത്തിയിരുന്ന മണിക്കിണർ, ജീവൻ പോകാത്ത ചാവേറുകളെ പട്ടിണിക്കിട്ട് വധിച്ചിരുന്ന പട്ടിണിത്തറ മുതലായവയുടെ അവശിഷ്ടങ്ങൾ ഇന്നും ബാക്കി നിൽക്കുന്നുണ്ട്. പല തുരങ്കങ്ങളും ഈ പ്രദേശത്തുകാണാം.


Comments
Post a Comment