പ്ലാസി മരചുവട്ടിലെ മഹായുദ്ധം
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാൾ നവാബിന്റെയും അദ്ദേഹത്തിന്റെ ഫ്രഞ്ച് സഖ്യകക്ഷികളുടെയും മേൽ നേടിയ നിർണ്ണായകമായ യുദ്ധവിജയമായിരുന്നു പ്ലാസ്സി യുദ്ധം . അടുത്ത രണ്ടു നൂറ്റാണ്ടിൽ ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണംസ്ഥാപിക്കുന്നതിൽ ഈ യുദ്ധം നിർണ്ണായകമായ നാഴികക്കല്ലായിരുന്നു. 1757 ജൂൺ 23-നു പശ്ചിമ ബംഗാളിലെ ഭാഗിരഥി നദിയുടെ തീരത്തുള്ള പലാശി എന്ന പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്. കൽക്കത്തയ്ക്ക് 150 കിലോമീറ്റർ വടക്കായി അന്ന് ബംഗാൾ നവാബിന്റെ തലസ്ഥാനമായിരുന്ന മൂർഷിദാബാദിനു സമീപത്താണ് പലാശി. പലാശി എന്നതിനെ ഇംഗ്ലീഷുകാർ പ്ലാസി എന്ന് ഉച്ചരിച്ചാണ് പ്ലാസി യുദ്ധം എന്ന നാമം ഈ യുദ്ധത്തിനു വന്നു ചേർന്നത്. പലാശി എന്ന പേര് വന്നതാകട്ടെ പലാശ് എന്ന ചുവന്ന പൂ വിരിയുന്ന ഒരു മരത്തിൽ നിന്നാണ് (കാട്ടുതീ എന്നും ഈ ചെടി അറിയപ്പെടുന്നു). ഹോളി ആഘോഷത്തിനുള്ള നിറപ്പൊടിയായ ഗുലാൽ നിർമ്മിക്കുന്നതിന് ഈ പൂവ് ഉപയോഗിക്കുന്നു
യുദ്ധത്തിൽ ബംഗാളിന്റെ അവസാനത്തെ സ്വതന്ത്ര നവാബ് ആയിരുന്ന സിറാജ് ഉദ് ദൌളയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ആയിരുന്നു യുദ്ധത്തിലെ എതിർ ചേരികൾ. യൂറോപ്പിലെ സപ്തവർഷ യുദ്ധത്തിന്റെ (1756–1763) കാലത്തായിരുന്നു ഈ യുദ്ധം; ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി പോരാടാനായി ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ചെറിയ സൈന്യത്തെ അയച്ചു.
സിറാജ്-ഉദ്-ദൌള കൽക്കത്തയിലെ ഫോർട്ട് വില്യം 1756-ൽ പിടിച്ചടക്കിയതാണ് യുദ്ധത്തിന്റെ അടിയന്തര കാരണം (സിറാജ്-ഉദ്-ദൗള ഈ കോട്ടയെ 1756 ജൂണിൽ അലിനഗർ എന്ന് പുനർനാമകരണം ചെയ്തു), എന്നാൽ ഇന്ന് കൊളോണിയൽ അധികാര വ്യാപനത്തിന്റെ ഭാഗമായി ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രാഷ്ട്രീയ അഭിലാഷങ്ങളുടെ ഭാഗമായാണ് ഈ യുദ്ധം കരുതപ്പെടുന്നത്.
സിറാജ്-ഉദ്-ദൌളയുടെ സേനാ നായകൻ ബ്രിട്ടീഷ് പക്ഷത്തേയ്ക്ക് യുദ്ധത്തിനിടെ കൂറുമാറി. തത്ഫലമായി സിറാജ്-ഉദ്-ദൌളയുടെ സൈന്യം ചിന്നിച്ചിതറി. ബംഗാൾ പ്രവിശ്യ പൂർണ്ണമായും കമ്പനിയുടെ അധീനതയിലായി. ബംഗാൾ ഖജനാവിൽ നിന്നും ലഭിച്ച ഭീമമായ ധനം സൈനിക ശക്തി സാരമായി വർദ്ധിപ്പിക്കാൻ കമ്പനിയെ സഹായിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്ഥാപനത്തിന്റെ നിർണ്ണായകമായ ഒരു നാഴികക്കല്ലായി പ്ലാസ്സി യുദ്ധം ഇന്ന് കരുതപ്പെടുന്നു.

Comments
Post a Comment