ഒരു ഗ്രാമം മുഴുവൻ വാതിലുകൾ ഇല്ലാത്ത വീടുകളോ???
ഒരു ചെറിയ ഗ്രാമം. ആ ഗ്രാമത്തിലെ വീടുകള്‍ക്ക് പൂട്ടില്ല. കടകള്‍ പോലും പൂട്ടാറില്ല. എന്നാലും ഗ്രാമീണര്‍ സുരക്ഷിതരാണ്. കൊള്ളയില്ല മോഷണവുമില്ല. വിദേശ രാജ്യങ്ങളിലൊന്നുമല്ല. ഇന്ത്യയില്‍ തന്നെയാണ് ഈ ഗ്രാമം. മഹാരാഷ്ട്രയിലെ അഹമദ്‌നഗര്‍ ജില്ലയിലുള്ള ശനി ശിംഘനാപൂര്‍ ഗ്രാമത്തിലെ കാര്യമാണിത്. അഹമദ്‌നഗര്‍ സിറ്റിയില്‍ നിന്ന് 35 കിലോമീറ്റര്‍ മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ശനീശ്വര ക്ഷേത്രത്തിന്റെ പേരിലാണ് ഗ്രാമം പ്രശസ്തമായത്.നമ്മുടെ നാട്ടില്‍ വീടു പൂട്ടി ദൂരെ സ്ഥലങ്ങളിലേക്ക് യാത്ര പോകുമ്പോള്‍ തൊട്ടടുത്ത വീട്ടില്‍ പറഞ്ഞേല്‍പ്പിക്കുകയും പോലീസില്‍ അറിയിക്കുകയുമൊക്കെയാണ് പതിവ്. എന്നാല്‍ ഇവിടെ അതിന്റെയൊന്നും ആവശ്യമുള്ളതായി ഗ്രാമീണര്‍ക്ക് ഇതുവരെ തോന്നീട്ടില്ല. കടയടച്ച് വീട്ടിലേക്ക് പോകുമ്പോള്‍ കട പൂട്ടുന്ന പതിവും ഇവര്‍ക്കില്ല. ഇവിടത്തെ ബാങ്കിനും പൂട്ടില്ല. അത്രയ്ക്ക് പരസ്പരവിശ്വാസമാണ് ഗ്രാമീണര്‍ക്ക്.ഗ്രാമത്തിന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം ഇവിടത്തെ ക്ഷേത്രത്തിലെ ശനി ദേവനാണെന്നാണ് ഗ്രാമീണരുടെ വിശ്വാസം. തിന്മ ചെയ്യാനായി ഇറങ്ങി തിരിച്ചാല്‍ ശനി ദേവന്‍ തക്കതായ ശിക്ഷ ഉടനടി നല്‍കുമെന്നും ഇവര്‍ വിശ്വിസിക്കുന്നു. ഈ വിശ്വാസം തലമുറകളായി പിന്തുടര്‍ന്ന് വരികയാണ്. ഇപ്പോഴത്തെ തലമുറിയില്‍പ്പെട്ടവരും ഈ വിശ്വാസം മുറുകെ പിടിക്കുന്നു.
നായയുടെ ശല്യം ഒഴിവാക്കാനായി ഡോര്‍ ഫ്രെയിമുകളില്‍ താല്‍ക്കാലികമായി തടിയിലുള്ള പാളി ചാരി വെക്കുമെന്നല്ലാതെ സ്ഥിരമായി വീടുകള്‍ക്ക് ഒരു വാതിലുണ്ടാവില്ല. സ്വര്‍ണാഭരണങ്ങളും മറ്റുമൊക്കെ സൂക്ഷിക്കുന്ന വീടുകളിലും ഇതു തന്നെയാണ് സ്ഥിതി. പുതുതായി പണികഴിപ്പിക്കുന്ന കെട്ടിടങ്ങളിലും ഇതേ രീതി പിന്തുടരുന്നു. 2015ല്‍ ഇവിടെ ആരംഭിച്ച പോലീസ് സ്‌റ്റേഷനും വാതിലുണ്ടായിരുന്നില്ല. ഗ്രാമീണരുടെ ഭാഗത്ത് നിന്ന് പരാതികളും ലഭിക്കാറില്ല. ഇവിടെ ആരംഭിച്ച ബാങ്കും ശ്രദ്ധ പിടിച്ചുപറ്റി.
ശിര്‍ദിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ശനി ശിംഘനാപൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിര്‍ദിയില്‍ നിന്ന് ഇവിടേക്ക് മഹാരാഷ്ട്ര സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ ലഭിക്കും. ടാക്‌സി കാറുകളെയും ആശ്രയിക്കാം. രഹുരി, അഹമദ് നഗര്‍, ശ്രീരാംപൂര്‍, ശിര്‍ദി തുടങ്ങിയവ അടുത്ത റെയില്‍വേ സ്റ്റേഷനുകളാണ്. 90 കിലോമീറ്റര്‍ അകലെ ഔറംഗബാദ് വിമാനത്താവളവും സ്ഥിതി ചെയ്യുന്നു. പ്രമുഖ നഗരമായ നാസിക് ശനി ശിംഘനപൂരില്‍ നിന്ന് 144 കിലോമീറ്റര്‍ അകലെയാണ്. സ്വന്തം വാഹനത്തിലും ഡ്രൈവ് ചെയ്‌തെത്താം. ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ധാരാളം സ്ഥലം ലഭ്യമാണ്.

Comments
Post a Comment